SHARE

സൂപ്പർ താരവും നായകനുമായ സെർജിയോ റാമോസ് റയൽ മഡ്രിഡ് വിടാനൊരുങ്ങുന്നു എന്ന വാർത്ത ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കി. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായുള്ള പ്രശ്നങ്ങളാണ് റാമോസിനെ ക്ലബ് വിടുന്ന കാര്യം ആലോചിക്കാൻ പ്രേരിപ്പിച്ചത്.

റാമോസ് ക്ലബ് വിട്ടേക്കുമെന്ന വാർത്ത വന്നിന് പിന്നാലെ ഇം​ഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരത്തിനായി ശ്രമം തുടങ്ങിയിരുന്നു. ഇതോടെ റയൽ പരിശീലകൻ സിനദിൻ സിദാൻ ഇടപെട്ടു. റാമോസിനെ റയലിൽ പിടിച്ചുനിർത്താനാണ് സിദാന്റെ ശ്രമങ്ങൾ. ക്ലബിൽ തുടരണമെന്ന് സിദാൻ റാമോസിനോട് ആവശ്യപ്പെട്ടതായാണ് വാർത്തകൾ.

ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ റാമോസിന്റെ ആശങ്കകളോട് സിദാൻ അനുകൂലമായി പ്രതികരിച്ചെന്നും റിപ്പോർട്ടുണ്ട്. റാമോസ് ക്ലബ് വിട്ടാൽ ടീമിനെ ഒന്നടങ്കം ഒന്നിച്ചുനിർത്തുന്ന ഒരു സാന്നിധ്യമില്ലാതകുമെന്നതാണ് സിദാനെ ആശങ്കപ്പെടുത്തുന്നത്. അതിനാൽ തന്നെയാണ് അടിയന്തര ഇടപെടൽ സിദാൻ നടത്തിയത്.