SHARE

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിന്നും പിന്‍വാങ്ങാനുള്ള സിനദീന്‍ സിദാന്റെ തീരുമാനം ഏവരിലും ഞെട്ടലാണ് സമ്മാനിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് സിദാന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 30ന് ലാസ് പാല്‍മാസിനെതിരായ ലാലിഗ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ റയലിലെ ഭാവിയെക്കുറിച്ച് സിദാനോട് ചോദിച്ചിരുന്നു.

തനിക്ക് സാധിക്കുന്നിടത്തോളം കാലം റയലിനൊപ്പം നില്ക്കാനാണ് താല്പര്യമെന്ന് ഫ്രഞ്ച് ഇതിഹാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. റയലിനോട് വിടപറയുന്നതിനെപ്പറ്റി അദേഹം തീരുമാനിച്ചിരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് അന്നത്തെ വാക്കുകള്‍. ലാലിഗയില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ക്ലബിനകത്തു നിന്നും, പ്രത്യേകിച്ച് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും സിദാന് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

-Advertisement-

പത്രസമ്മേളനത്തില്‍ ഇക്കാര്യങ്ങളൊന്നും അദേഹം തുറന്നു പറഞ്ഞതുമില്ല. ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിയതോടെ പടിയിറങ്ങാനുള്ള മികച്ച സമയമാകും ഇതെന്ന തോന്നലാകാം അദേഹത്തെ തീരുമാനത്തിലെത്തിച്ചതെന്ന് ചിന്തിക്കുന്നവരുമുണ്ട്. ക്ലബ് പ്രസിന്റ് തന്നിലര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞാണ് സിദാന്‍ പടിയിറങ്ങുന്നതും. എന്തായാലും ഫ്രഞ്ചുകാരന്റെ അടുത്ത നീക്കം എന്താണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.