SHARE

ടീമിന്റെ ട്രാൻസ്ഫറടക്കമുള്ള കാര്യങ്ങളിൽ പൂർണ അധികാരം ചോദിച്ചുവാങ്ങിയാണ് റയൽ മഡ്രിഡിന്റെ പരിശീലകനായി സിനദിൻ സിദാൻ വീണ്ടും ചുമതലയേറ്റത്. സിദാൻ ടീമിലെത്തിയതോടെ വരും സീസണിൽ പല വമ്പന്മാരും റയലിലേക്കെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ എല്ലവരേക്കാളും ഒരുമുഴം മുമ്പേ എറിഞ്ഞ സിദാൻ തന്റെ രണ്ടാം വരവിലെ ആദ്യ കച്ചവടം പൂർത്തിയാക്കി.

ബ്രസീലിന്റെ പ്രതിരോധനിരതാരം എഡെർ മിലിറ്റാവോയെയാണ് റയൽ മഡ്രിഡ് ടീമിലെത്തിക്കുക. പോർച്ചു​ഗീസ് ക്ലബായ പോർട്ടോയിൽ കളിക്കുന്ന മിലിറ്റാവോയുമായി കരാറെല്ലാം പൂർത്തിയാക്കിയെന്നാണ് റയൽ അറിയിച്ചത്. എന്നാൽ രണ്ടാഴ്ചയ്ക്കകം മാത്രമെ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരുകയുള്ളു. 50 ദശലക്ഷം യൂറോ മുടക്കി ആറ് വർഷത്തെ കരാറിനാണ് മിലിറ്റാവോയെ റയൽ ടീമിലെത്തിക്കുക. ഈ വർഷത്തെ ട്രാൻസ്ഫർ ജാലകം അടച്ചതിനാൽ അടുത്ത സീസണിലെ മിലിറ്റാവോ റയലിനായി കളിക്കുകയുളളു

ഇക്കഴിഞ്ഞ ഓ​ഗ്സറ്റിലാണ് ബ്രസീലിയൻ ക്ലബായ സാവോ പോളോയിൽ നിന്ന് മിലിറ്റാവോ പോർട്ടോയിലെത്തിയത്. കേവലം ഒരു സീസണിലെ പ്രകടനം കൊണ്ട് തന്നെ യൂറോപ്പിലെ വമ്പൻ ടീമുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ ഈ സെൻർ ബാക്കിനായി. ബ്രസീലിനായി ഇതിനകം ഒരിക്കൽ കളിച്ച ഈ ഇരുപത്തൊന്നുകാരനെ ഈ മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.