SHARE

സെവിയ്യക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന ലാലീഗ മത്സരത്തിന് ശേഷമായിരുന്നു റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ ഈ സീസണിനൊടുവിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചതായും, ഇക്കാര്യം റയൽ മാഡ്രിഡ് താരങ്ങളെ അദ്ദേഹം അറിയിച്ചു കഴിഞ്ഞെന്നും റിപ്പോർട്ടുകൾ വന്നത്. മാനസിക സമ്മർദ്ദം മൂലം സിദാൻ റയൽ വിടുന്നുവെന്ന വാർത്തകൾ യൂറോപ്യൻ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോളിതാ താൻ റയൽ മാഡ്രിഡ് വിടാൻ പോവുകയാണെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങളെ പാടേ നിഷേധിച്ച് സിദാൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

റയൽ മാഡ്രിഡ്, ലാലീഗ കിരീടത്തിന് വേണ്ടി ശക്തമായി പോരാടുന്നതിനിടെ താൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് ക്ലബ്ബിൽ നിന്ന് പോവുകയാണെന്ന് എങ്ങനെയാണ് കളികാരോട് പറയുന്നതെന്ന് സിദാൻ ചോദിക്കുന്നു. പുറത്ത് നിന്നുള്ളവർക്ക് അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കാമെന്നും എന്നാൽ താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും ഇന്നലെ അത്ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെ സിദാൻ വ്യക്തമാക്കി.

അതേ സമയം റയൽ മാഡ്രിഡ് വിടുന്ന കാര്യത്തിൽ യാതൊരു തീരുമാനവും സിദാൻ കൈക്കൊണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന. നേരത്തെ സിദാൻ റയൽ വിടുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന് പകരക്കാരനായി റയലിലെത്തുക മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയോ, റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനായ റൗൾ ഗോൺസാലസോ ആയിരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു‌. എന്നാൽ താൻ ക്ലബ്ബ് വിടുന്നുവെന്ന റിപ്പോർട്ടുകൾ സിദാൻ തന്നെ നിഷേധിച്ചതോടെ ഇത്തരം അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിട്ടുണ്ട്