SHARE

സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ പടുത്തുയർത്തിയ 133 റൺസ് വിജയ ലക്ഷ്യം പതിനാറാം ഓവറിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. നേരത്തെ ആദ്യ ടി20 മത്സരത്തിലും ജയിച്ചിരുന്ന ദക്ഷിണാഫ്രിക്ക ഇതോടെ ടി20 പരമ്പരയും സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 41 റൺസെടുത്ത സീൻ വില്ല്യംസിനും, 29 റൺസെടുത്ത ബ്രണ്ടൻ ടെയ്ലർക്കും മാത്രമാണ് സിംബാബ്‌വെ ബാറ്റിംഗിൽ തിളങ്ങാനായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കൻ ബോളർമാർ തിളങ്ങിയതാണ് മത്സരത്തിൽ മികച്ച സ്കോർ നേടുന്നതിൽ നിന്ന് സിംബാബ്‌വെയെ തടഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി, പാറ്റേഴ്സൺ, റോബർട്ട് ഫ്രിലിങ്ക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതംവീഴ്ത്തി‌.

മറുവശത്ത് വിജയലക്ഷ്യം പിന്തുടർന്ന് ദക്ഷിണാഫ്രിക്ക തുടക്കം മുതൽ ആക്രമണ ബാറ്റിംഗാണ് കാഴ്ച വെച്ചത്. ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും എതിരാളികളുടെ സ്കോർ അത്ര വെല്ലുവിളി ഉയർത്താൻ പോന്നതായിരുന്നില്ല എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയായി. 33 റൺസോടെ പുറത്താകാതെ നിന്ന ജെ.പി ഡുമിനിയാണ് അവരുടെ ടോപ്‌സ്കോറർ. ക്വിന്റൺ ഡികോക്ക് 26 റൺസും, ക്ലാസൻ 22 റൺസുമെടുത്തു.