SHARE

ബംഗ്ലാദേശിൽ നടന്ന് കൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ സിംബാബ്‌വെക്ക് തകര്‍പ്പന്‍ വിജയം. ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 12 റണ്‍സിനാണ് സിംബാബ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: സിംബാബ്‌വെ 290-6(50), ശ്രീലങ്ക 278-10(48.1)

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെക്ക് വേണ്ടി ബാറ്റ്‌സ്മാന്‍മാർ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. 73 റണ്‍സെടുത്ത ഓപ്പണര്‍ ഹാമില്‍ട്ടണ്‍ മസാകദ്‌സയും, 81 റണ്‍സോടെ പുറത്താകാതെ നിന്ന സിക്കന്ദര്‍ റാസയുമാണ് സിംബാബ്വെ ബാറ്റിംഗില്‍ തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി അസേല ഗുണരത്‌ന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

-Advertisement-

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ കുശാല്‍ പെരേര മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഉപുല്‍ തരംഗയും കുശാല്‍ മെന്‍ഡിസും പെട്ടെന്ന് പുറത്തായി. 80 റണ്‍സെടുത്ത് കുശാല്‍ പെരേര പുറത്താവുമ്പോള്‍ സ്‌കോര്‍ 132-3 (24.6) എന്ന നിലയിലായിരുന്നു. 42 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസും 34 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലും മധ്യനിരയില്‍ കളി നിയന്ത്രിച്ചെങ്കിലും തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തിസാര പെരേര ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. 37 പന്തില്‍ 64 റണ്‍സെടുത്ത തിസാര കൂടി പുറത്തായതോടെ ശ്രീലങ്കന്‍ പോരാട്ടം വിജയത്തിന് 12 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. സിംബാബ്‌വേക്ക് വേണ്ടി ടെണ്ടായ് ചാറ്ററ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെയ്ല്‍ ജാര്‍വിസും ഗ്രെയിം ക്രെമറും ഓരോ വിക്കറ്റുകള്‍ വീതം നേടി. ഏഞ്ചലോ മാത്യൂസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചു വന്നതിന് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യ മത്സരമാണിത്.