SHARE

ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ചതുര്‍ദിന ടെസ്റ്റില്‍ സിംബാബ്‌വെയ്ക്ക് നാണക്കേട്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ സംഹാര താണ്ഡവം ആടിയപ്പോള്‍ വെറും 68 റണ്‍സിനാണ് സിംബാബ്‌വെ ബാറ്റിംഗ് തകര്‍ന്നടിഞ്ഞത്. 30.1 ഓവര്‍ മാത്രമാണ് ടീം ബാറ്റ് ചെയ്തത്. നൈറ്റ് ബാറ്റ്‌സ്മാനായി എത്തി ടോപ്‌സ്‌കോററായ കെയ്ല്‍ ജാര്‍വിസ് (50 പന്തില്‍ 23) മാത്രമാണ് നേരിയ ചെറുത്തുനില്‍പ്പ് നടത്തിയത്. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് ഒന്‍പതിന് 309 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 241 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോറാണ് പോര്‍ട്ട് എലിസബത്തില്‍ പിറന്നത്. രണ്ടാംദിനം നാലിന് 30 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സിംബാബ്‌വെയ്ക്ക് ഒരു തരത്തിലും ചെറുത്തു നില്‍ക്കാന്‍ സാധിച്ചില്ല. അഞ്ചാം വിക്കറ്റായി റയാന്‍ ബുള്‍ (16) പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 35 റണ്‍സ് മാത്രം. തൊട്ടുപിന്നാലെ ഈ വര്‍ഷം സിംബാബ്‌വെയുടെ മികച്ച ബാറ്റ്‌സ്മാനായ സിക്കന്തര്‍ റാസ സംപൂജ്യനായി പുറത്ത്. മോര്‍ണി മോര്‍ക്കലിനായിരുന്നു വിക്കറ്റ്.

ഒരുവശത്ത് ജാര്‍വിസ് തട്ടിമുട്ടി നിന്നെങ്കിലും മറുവശത്ത് വിക്കറ്റ് കൊഴിയുകയായിരുന്നു. ഒടുവില്‍ 68 റണ്‍സില്‍ ഇന്നിംഗ്‌സും അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍ണി മോര്‍ക്കല്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡയും പെലുക്‌വായോയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. സിംബാബ്‌വെയെ വീണ്ടും ബാറ്റ് ചെയ്യിച്ച് ഇന്നിംഗ്‌സ് ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ആതിഥേയര്‍.