SHARE

ക്രിക്കറ്റ് ലോകത്തെ ആദ്യത്തെ നാലുദിന ടെസ്റ്റിനുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ സീന്‍ വില്യംസ് ഒഴികെ പ്രമുഖരായ താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഡേനൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ ഇടംകണ്ടെത്തി. ഡിസംബര്‍ 26നാണ് മത്സരം. ഇരുപത്തൊന്നുകാരന്‍ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസര്‍ബാനി, ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ റയാന്‍ ബൂള്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. പരിക്കാണ് വില്യംസിനെ ഒഴിവാക്കാന്‍ കാരണം.

ഗ്രെയിം ക്രീമര്‍ നയിക്കുന്ന ടീമില്‍ പരിചയ സമ്പന്നരായ ഹാമില്‍ട്ടണ്‍ മസകഡ്‌സ, ബ്രെണ്ടന്‍ ടെയ്‌ലര്‍, കെയ്ല്‍ ജാര്‍വിസ്, ക്രെയ്ഗ് എര്‍വിന്‍ തുടങ്ങിയവരെല്ലാമുണ്ട്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് സിംബാബ്‌വെ നടത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ജയിച്ച ടീം ടെസ്റ്റിലും മികച്ച പ്രകടനമാണ് നടത്തിയത്. ടെയ്‌ലറും ജാര്‍വിസും പ്രവാസ ജീവിതം മതിയാക്കി തിരിച്ചെത്തിയതും ടീമിന് കരുത്തായി.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഡ്രസ് റിഹേഴ്‌സലായാണ് ദക്ഷിണാഫ്രിക്ക മത്സരത്തെ കാണുന്നത്. മുന്‍നിര താരങ്ങളെല്ലാം ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ കളിക്കും. സിംബാബ്‌വെ ടീം- ഗ്രെയിം ക്രീമര്‍ (ക്യാപ്റ്റന്‍), ഹമില്‍ട്ടണ്‍ മസകഡ്‌സ, ക്രെയ്ഗ് എര്‍വിന്‍, ബ്രെണ്ടന്‍ ടെയ്‌ലര്‍, ചാമു ചിബാബ, റിഗിസ് ചക്ബാവ, സിക്കന്ദര്‍ റാസ, റയാന്‍ ബൂള്‍, ടെണ്ടി ചത്താര, ബ്ലെസിംഗ് മുസര്‍ബാനി, ണ്ടെി ചിസാരോ, പീറ്റര്‍ മൂര്‍, സോളോമന്‍ മീര്‍, കെയ്ല്‍ ജാര്‍വിസ്, ക്രിസ് എംപോവു.