SHARE

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടര്‍ എനോക്ക് ഇകോപ്പിനെ ഐ സി സി താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ഐ സി സി ആന്റി കറപ്ഷന്‍ കോഡ് ലംഘിച്ചതിനാണ് നടപടി. അതേസമയം, 14 ദിവസത്തിനുള്ളില്‍ കാരണം കാണിക്കാന്‍ ഇക്കോപിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റു നടപടികളുണ്ടായേക്കും.

ഐ സി സി ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ അന്വേഷണത്തോട് സഹകരിക്കാതിരിക്കുക, അന്വേഷണം വൈകിപ്പിക്കാന്‍ കാരണമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇക്കോപിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ ഹരാരെ മെട്രോപൊളിറ്റന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച് എം സി എ) ചെയര്‍മാന്‍ കൂടിയാണ് ഇക്കോപ്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എച്ച് എം സി എ ട്രഷറും മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ രാജന്‍ നയാര്‍ക്കെതിരെയും ഐ സി സി നടപടിയെടുത്തിരുന്നു. ഐ സി സിയുടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് 20 വര്‍ഷത്തെ വിലക്കാണ് നയാര്‍ക്ക് ലഭിച്ചത്. ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ നടത്തിപ്പില്‍ അനധികൃതമായി സ്വാധീനം ചെലുത്തിയതിനായിരുന്നു നയാര്‍ക്കെതിരെയുള്ള നടപടി.