SHARE

സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ അംഗത്വം റദ്ദാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിലെ സർക്കാരിന്റെ കടന്ന് കയറ്റവും, ക്രിക്കറ്റ് ബോർഡിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിൽ വീഴ്ച വരുത്തിയതുമാണ് സിംബാബ്‌വെയുടെ ഐസിസി അംഗത്വം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ഞെട്ടൽ സമ്മാനിക്കുന്ന വാർത്തയാണിത്.

തങ്ങളുടെ അംഗത്വമുള്ള രാജ്യങ്ങളുടെയെല്ലാം ക്രിക്കറ്റ് ബോർഡുകൾ സ്വതന്ത്രമായി മുന്നോട്ട് പോകണമെന്നാണ് ഐസിസി യുടെ നിർദ്ദേശം. എന്നാൽ സിംബാബ്‌വെ ക്രിക്കറ്റിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ അമിതമായി കടന്ന് കയറുകയായിരുന്നു. ഇതോടെയാണ് അവരുടെ അംഗത്വം റദ്ദാക്കാൻ ഐസിസി തീരുമാനിച്ചത്. അംഗത്വം നഷ്ടപ്പെട്ടതോടെ ഐസിസി യിൽ നിന്ന് യാതൊരു തരത്തിലുള്ള ഫണ്ടോ, സഹായമോ സിംബാബ്‌വെയ്ക്ക് ഇനി ലഭിക്കില്ല.

ഇതിന് പുറമേ ഒരു ടൂർണമെന്റുകളിലും സിംബാബ്‌വെ ദേശീയ ടീമിന് ഇനി കളിക്കാനാവില്ല‌. സിംബാബ്‌വെയെ തങ്ങളുടെ അംഗത്വത്തിൽ നിന്ന് ഐസിസി പുറത്താക്കിയേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ഐസിസി യുടെ വാർഷിക യോഗത്തിലാണ് ഇക്കാര്യത്തിലെ അന്തിമ തീരുമാനമുണ്ടാവുകയും പിന്നാലെ അവരെ പുറത്താക്കിക്കൊണ്ടുള്ള ഐസിസി പ്രഖ്യാപനമെത്തുകയും ചെയ്തത്.