SHARE

സമ്പത്തിന്റേയും ആർഭാഡങ്ങളുടേയും ലോകമാണ് പൊതുവെ ക്രിക്കറ്റ് താരങ്ങൾക്ക് ചുറ്റും കാണാറുള്ളത്. എന്നാൽ എല്ലാവരുടേയും അവസ്ഥ ഇതല്ല. രാജ്യത്തിനായി കളിച്ചിട്ട് പ്രതിഫലം ലഭിക്കാത്തവരുടേയും ജീവതം തള്ളിനീക്കാനായി മറ്റ് ജോലികൾ ചെയ്യുന്നവരുടേയും കഥകൾ മുമ്പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്.

ക്രിക്കറ്റിലെ ഈ സാമ്പത്തിക അസമത്വത്തിന്റെ പുതിയ ഉദാഹരണമായിരിക്കുകയാണ് സിംബാവെ താരം റയാൻ ബുളിന്റെ ട്വീറ്റ്. സിംബാവെ ദേശീയ ടീമിന് ഷൂ സ്പോൺസർ ചെയ്യാൻ ആരെങ്കിലും തയ്യാറാകാമോ എന്ന് സഹായം ചോ​ദിച്ചാണ് ബുൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ചില ഷൂസുകൾ നന്നാക്കിയെടുക്കുന്നതിന്റെ ചിത്രങ്ങളും ബുൾ ട്വീറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാകിസ്ഥാനെതിരായ മത്സരത്തിൽ സിംബാവെയ്ക്കായി പാഡണിഞ്ഞ താരത്തിനാണ് ടീമിന്റെ ദയനീയാവസ്ഥ ട്വീറ്റ് ചെയ്യേണ്ടിവന്നത്.

ഹീത്ത് സ്ട്രീക്ക്, ആൻഡി ഫ്ലവർ, അലിസ്റ്റർ കാംപൽ, ഹെന്റി ഒലോങ്ക തുടങ്ങിയവരൊക്കെ കളിച്ചിരുന്ന കാലത്ത് വമ്പൻ ടീമുകളെ പോലും തകർത്തിരുന്നവരാണ് സിംബാവെ ടീം. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ആഭ്യന്തരപ്രശ്നങ്ങളും അഴിമതിയും അവരെ മുച്ചൂടും മുടിച്ചു. ഇടക്കാലത്ത് ഐ.സി.സി സിംബാവെ ക്രിക്കറ്റിനെ വിലക്കുകയും ചെയ്തിരുന്നു.