SHARE

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദയനീയ പ്രകടനം നടത്തുന്നതിനിടെ മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാന്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി. നിലവിലെ പരിശീലകന്‍ ജോസെ മൗറീഞ്ഞോയുടെ യുണൈറ്റഡ് വാസം ഏതാണ്ട് അവസാനിക്കാറായെന്ന സൂചനകള്‍ ഇതോടെ ശക്തമായി.

സിദാനുമായി യുണൈറ്റഡ് അധികൃതര്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത് ബീയിന്‍ സ്‌പോര്‍ട്‌സാണ്. റയലില്‍ നിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങിയശേഷം പരിശീലക സ്ഥാനത്തേക്ക് താന്‍ അടുത്തുതന്നെ മടങ്ങിയെത്തുമെന്ന് സിദാന്‍ വെളിപ്പെടുത്തിയിരുന്നു. സിദാനുമായി യുണൈറ്റഡ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത ആദ്യമായാണു പുറത്തു വരുന്നത്. കറബാവോ കപ്പില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡെര്‍ബിയുമായി തോറ്റ് പുറത്തായതോടെ മൗറീഞ്ഞോയിലുള്ള വിശ്വാസം മാനേജ്‌മെന്റിന് നഷ്ടപ്പെട്ടു.

പോള്‍ പോഗ്ബ അടക്കമുള്ള സീനിയര്‍ താരങ്ങളും മൗറീഞ്ഞോയുമായി നല്ല ബന്ധത്തിലല്ല. ടീം കൂടുതല്‍ ആക്രമിച്ച് കളിക്കണമെന്ന് പോഗ്ബ പറഞ്ഞത് കോച്ചിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചാണ്. വെസ്റ്റ്ഹാമിനെതിരെ പോഗ്ബ തീര്‍ത്തും മങ്ങി. 2013ല്‍ അലക്‌സ് ഫെര്‍ഗൂസണ്‍ പോയശേഷം മൂന്നാമത്തെ പരിശീലകനാണ് മൗറീഞ്ഞോ. 2016ലാണ് അദേഹം ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ ലീഗിലും ലീഗ് കപ്പിലും രണ്ടാംസ്ഥാനത്ത് എത്തിയത് നേട്ടമായിരുന്നു. എന്നാല്‍ പിന്നീട് എല്ലാം പിഴച്ചു.